ഞങ്ങളുടെ മക്കളാണ് 'കാന്താരി'യുടെ തുടക്കത്തിന്റ പ്രധാന കാരണം.
അന്ന് ഞങ്ങൾ ദുബായിൽ താമസിച്ചിരുന്ന കാലം...
മക്കൾ ഉണ്ടായ കാലത്താണ് കുടുംബത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുമൊക്കെ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്...
കുടിക്കാൻ പോലും വെള്ളം കിട്ടാത്ത ദുബായിൽ ആളുകൾ എല്ലാം ഉണ്ടാക്കുകയും മറ്റു രാജ്യക്കാരെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ എല്ലാം ഉണ്ടായിട്ടും അത് തിരിച്ചറിയാൻ കഴിയാതെ ആളുകൾ നാട് വിടുകയാണ്.
ഇതിനൊരു മാറ്റം വേണം എന്ന് എനിക്ക് തോന്നി. നല്ല കാലാവസ്ഥ, നല്ല വെള്ളം, നല്ല ഭക്ഷണം, നല്ല കുടുംബ സാഹചര്യം, തുടങ്ങിയവയെല്ലാം കേരളത്തിൽ ഉണ്ടെങ്കിലും പണം ആവശ്യത്തിന് ഇല്ല, അല്ലെങ്കിൽ കാശുണ്ടാക്കാൻ അറിയില്ല എന്നതാണ് ആളുകളെ നാട് വിടാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
ഇതെല്ലാം മനസ്സിലാക്കിയ ഞാൻ നമ്മുടെ നാട്ടിൽതന്നെ കുടുംബത്തോടൊപ്പം ജീവിക്കാൻ ആവശ്യമായ പണവും അതുപോലെ സാഹചര്യവും കിട്ടുന്ന ഒരു പരിപാടിയ്ക്ക് പ്ലാനിട്ടു. ആദ്യമൊക്കെ എട്ടു നിലയിൽ പൊട്ടിയെങ്കിലും മെല്ലെ മെല്ലെ ജീവൻ വെച്ച് വന്ന് ഇന്ന് നിങ്ങൾ കാണുന്ന നമ്മുടെ കാന്താരി ഉൾനാടൻ ടൂറിസം ആയി.
കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ അഗ്രി ഫാം ടൂറിസം യൂണിറ്റ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള കാന്താരിയിൽ വന്നാൽ ഏറ്റവും അടുത്ത സുഹൃത്തിന്റെ അല്ലെങ്കിൽ ബന്ധുവിന്റ വീട്ടിൽ പോകുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയാണ് ഉണ്ടാവുക. നിങ്ങളെ ഞങ്ങളുടെ ഫാമിലെ കൃഷിരീതികളും വ്യത്യസ്തമായ ജീവിത രീതികളുമൊക്കെ പരിചയപ്പെടുത്തും. ഇവിടെയുള്ള പലതരം ഭക്ഷണങ്ങൾ, തേൻ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, കാർഷിക ഉപോൽപന്നങ്ങൾ കഴിക്കുകയും വാങ്ങുകയും ചെയ്യാം.
അടുത്തുള്ള അടിപൊളി സ്ഥലങ്ങളിലൊക്കെ നിങ്ങളെ ഞങ്ങൾ കൊണ്ടുപോയി സന്തോഷത്തോടെ തിരിച്ചു പറഞ്ഞയക്കും. നിങ്ങളുടെ കഥകൾ കേൾക്കാനും ഞങ്ങളുടെ കഥകൾ പറയാനും ഒക്കെ ഇതിനിടക്ക് സമയം കണ്ടെത്തും. ഈ കഥകളും ഇവിടുത്തെ ഭക്ഷണങ്ങളും കറക്കവുമൊക്കെയാണ് 'കാന്താരി'യെ വ്യത്യസ്തമാക്കുന്നത്.
ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും ഒരു മാറ്റം കൊതിക്കുന്ന ഏതൊരു മനുഷ്യനും ഞങ്ങളുടെ 'കാന്താരി'യിലേക്ക് സ്വാഗതം. ഇവിടെ നിങ്ങൾക്ക് പ്രകൃതിയുടെ തുടിപ്പ് അറിയാനാകും.
NB: നേരത്തെ ബുക്ക് ചെയ്തുവരുന്നവർക്ക് മാത്രം പ്രവേശനം.